Friday, December 27, 2013


തെച്ചിമരത്തില്‍ നിന്നൊരു തമ്പുരാട്ടി
രാത്രിച്ചിലമ്പൂരി കൈയ്യിലിട്ട് നടക്കും,

കിലുക്കി കിലുക്കി
വഴിനീളെ വീഴുന്നല്ലോ !
രണ്ടു കൈയ്യും തികയാതെയാകവേ
ചോപ്പ് പൊട്ടുകളിരുന്ന്‍
ശരിക്കുള്ള ചോപ്പ് പൊട്ടുകള്‍ പറയും

മതി വാരി ദേഹത്തൊട്ടിച്ചത്
ഉള്ളതും കൊണ്ടു പോ ,

പോളകള്‍ പൊട്ടിക്കാന്‍ ഇഷ്ടമുള്ള
നിനക്കിനിയിന്ന് ഉറങ്ങണ്ടല്ലോ .!!

Thursday, September 26, 2013

ഒന്നുകെട്ടിപ്പിടിക്കൂയെന്നാർത്ത്
അല്ലികൾ വിടർത്താൻ
നിന്റെ നാഭിക്കുഴിയിലിയിരുന്നു കൊതിക്കുന്നു
താമര എന്ന പരിവേഷത്തിലൊരു നാഗക്കുഞ്ഞി.
ചെമ്പരത്തീപ്പൂവട്ടത്തിലേയ്ക്ക് എടുത്തുചാടി
'എന്റെ പൂവേ " എന്ന് വിളിക്കാന്‍ 
ഏത് പുളിയൂഞ്ഞാല്‍ കാറ്റില്‍ നീ ..?
അനുഭവമേ, 
ടീച്ചർമാരുടെ കുപ്പായമിട്ട്
നിത്യവും തല്ലുന്നതെന്തിന്‌ നീ..?

Wednesday, September 4, 2013

പിയാനോ: 
ബ്ലാക്ക് ആന്റ് വയിറ്റ് മഴവില്ലുകള്‍
തീർക്കുന്ന പെൺകുട്ടി.

Tuesday, August 13, 2013

പിൻകഴുത്തിൽ 
നിറയെ മരങ്ങളുള്ള,
അതിലെ മെരുങ്ങാത്ത കുരങ്ങന്മാരുടെ
എപ്പോൾ വേണമെങ്കിലും
തെന്നിപോകാവുന്ന
ചടുലമായ ചുവടിനെ രക്ഷിക്കാൻ 
ത്ധടിതിയിൽ മുളയ്ക്ക്ന്ന 
ശിഖരമോഹം പോലെ നീ.

Tuesday, June 18, 2013

ഞായറെഴുന്നേല്പ്പിന്റെ
അധികഭാവുകത്വം മതിയാക്കി
ഒടുവിലത്തെ
വണ്ടിയിലേയ്ക്കോടിക്കയറുന്ന
ക്ലാസ്സിക്ക് ദൈവത്തെ
30 കാരിയുടെ സ്വപ്നം കണ്ടുമുട്ടുന്നു.
അത്രമേൽ പ്രിയതരമായ ഗ്രാമത്തിലേയ്ക്കു
ടിക്കറ്റെടുത്ത് സ്വതന്ത്രനാകുന്നു,
ഇവിടേയും സ്വപ്നബദ്ധയായത് ഞാനല്ലേ
പച്ചിലമരുന്നു പോലെ ഇറ്റ് വീഴുന്നത്...
തല കീഴായി നിന്നു
സ്വന്തം ചങ്ക് കാർന്നു തിന്നുന്ന
അതിസാധാരണമായ പക്ഷിയാവുന്നു
എത്ര കൊത്തിയിടുന്നു
എന്നെ ഞാൻ തന്നെ..

കുരിശുകൾ നിത്യവും
ഒഴിഞ്ഞു കിടക്കണമെന്നു
മോഹിച്ചിട്ടും
എന്തിനു തറയ്ച്ചു വെയ്ക്കുന്നു
എന്നെ ഞാൻ തന്നെ..
നീയല്ലാതെ
ഒന്നിനും ഒരു പരിഹാരമില്ലെന്നറികെ,
കാക്കത്തൊള്ളായിരം കുരുവികളെ
ചങ്കിലൊളിപ്പിച്ച പൊത്തിൽ നിന്നുണർത്തുകയും
എന്റെ പുഴയ്ക്കു മീതെ പറത്തുകയും
ആനന്ദോന്മാദമായ ചിലയ്ക്കലുകൾ
എന്നിലലിയാതെ പൊന്തിച്ചു കിടത്തുകയും
അതൊക്കെയും
പൊടുന്നനെ ആമ്പലുകളായി വിളയിക്കുന്നതും
എങ്ങനെയാണ്‌ നീ..?